സൃഷ്ടിയും സ്ഥിതിയും മാത്രം.....



ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള...

രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍ സാതയെ തട്ടിക്കൊണ്ടുപോയി... ഹനുമാന്‍ ലങ്ക കത്തിച്ചിട്ടുപോയി... പതിനാലു കര്‍ഷം യുദ്ധത്തില്‍ പോയി... സീത തിരിച്ചു പാതാളത്തില്‍ പോയി... അവസാനം ജയ്ഹനുമാന്‍ അവസാനിപ്പിച്ച് ധീരജ്കുമാറും പോയി.. ഊര്‍മ്മിള മാത്രം പോയില്ല, എന്റെ ചിന്തകളില്‍ നിന്ന്....

രാമന്‍ ധര്‍മ്മനിഷ്ഠനാണല്ലോ, വനവാസത്തിനു പോകുമ്പോള്‍ ഊര്‍മ്മിളയെ കൂടെക്കൂട്ടാന്‍ ലക്ഷ്മണനു തോന്നിയില്ല, രാമനു പറയാമായിരുന്നല്ലോ, സീതയ്‌ക്കൊരു കൂട്ടാകുമെന്നു കരുതിയെങ്കിലും. രാമനതു പറഞ്ഞില്ലെന്നു മനസിലാക്കിയപ്പോഴാണ് രാമന്റെ ധര്‍മ്മനിഷ്ഠയില്‍ ഞാന്‍ ആദ്യമായി സംശയിക്കുന്നത്.

രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ സുഗ്രീവനെയും, അതുവഴി വാനരപ്പടയേയും തന്റെ കൂടെ നിര്ത്താന്‍ രാമന്‍ ബാലിയെ ചതിച്ചു കൊന്നു. ഭര്‍തൃവിയോഗത്തില്‍ ദുഃഖവാര്‍ത്തയായ താരയോട് എല്ലാം നശ്വരമാണെന്ന പറഞ്ഞ് പ്രസംഗം നടത്തിയ രാമന്‍ സ്വന്തം കാര്യത്തിലെന്തേ അതോര്‍ത്തില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനത് സ്വയം ഓര്‍ക്കാമായിരുന്നല്ലോ? രാവണനെ വധിക്കാന്‍ അംഗഭടനെ വിട്ട് മണ്ഡോദരിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഏതു ധര്‍മ്മമാണ് പാലിക്കപ്പെട്ടത്? തെറ്റു ചെയ്യാത്തൊരു സ്ത്രീയെ-സ്വന്തം ഭാര്യയെ- അവര്‍ തെറ്റുകാരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടുകൂടി തന്റെ ഇമേജ് പോകാതിരിക്കാന്‍ തള്ളിപ്പറയുകയും കാട്ടിലുപേക്ഷിക്കുകയും ചെയ്ത രാമന്‍ എങ്ങനെയാണ് ധര്‍മ്മിഷ്ഠനായത്? വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി നിര്‍വചിക്കപ്പെടുന്ന ഒന്നാണോ ധര്‍മ്മനിഷ്ഠ? രാവണനും ലക്ഷ്മണനും മറ്റും എന്റെ മനസില്‍ വളരെ ചെറുതായിത്തോന്നി. പിന്നീട് നാമം ചൊല്ലുമ്പോള്‍ രാമനെ ഞാന്‍ ക്രൂരമായി ഒഴിവാക്കി.
തിരസ്‌കാരം.
തിരസ്‌കരിച്ചിട്ടല്ലേയുള്ളൂ, തിരസ്‌കരിക്കപ്പെട്ട് ശീലമില്ലല്ലോ. അന്നു ഞാനൊരു സ്വപ്‌നം കണ്ടു.
കൊട്ടാര ഉദ്യാനത്തില്‍ നിന്ന് ചിത്രം വരക്കുകയായിരുന്ന ഊര്‍മ്മിള മരക്കൊമ്പിലിരുന്ന രണ്ടു കിളികളുടെ സംസാരം കേള്‍ക്കാനിടയായി. വാത്മീകി എഴുതിത്തീര്‍ത്ത രാമായണകഥ കേട്ടു വന്ന ആണ്‍കിളി പെണ്‍കിളിക്ക് പറഞ്ഞുകൊടുക്കുകയാണ്. അങ്ങനെ ലക്ഷ്മണനുമായിട്ടുള്ള വിവാഹവും അതുവഴി താന്‍ നേരിടേണ്ടിവരുന്ന നിരാസവും തിരസ്‌കാരവും മനസിലാക്കുന്ന ഊര്‍മ്മിള ലക്ഷ്മണനുമായുള്ള സ്വയംവരത്തിനായി തക്കം പാര്‍ത്തിരുന്നു. സ്വയംവരനാള്‍ ലക്ഷ്മണനെ നിരസിക്കുകയും തന്നെ സ്വതന്ത്രയായി പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം പുരുഷനു മാത്രം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന സമൂഹം അത്തരം നിയമങ്ങള്‍ ഭേദഗതി ചെയ്യുകയില്ലായെന്ന തീരുമാനത്തിനു മേല്‍ ഒരു സദാചാരക്കമ്മിറ്റി രൂപീകരിക്കുകയും ഊര്‍മ്മിളയെ ലക്ഷ്മണന്റെ ഭാര്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

പാര്‍വ്വതി തന്നെ ദേഹത്തു തേച്ച കളഭം ശേഖരിച്ച് ഗണപതിയെ സൃഷ്ടിച്ചപോലെ ഊര്‍മ്മിളയും ഒരു സൃഷ്ടി നടത്തി. തന്റെ അപരയെ, അതിനായി അവള്‍ യുക്തിപൂര്‍വ്വം തെരെഞ്ഞെടുത്തത് പക്ഷേ, പ്ലാസ്റ്റിക്കാണ്. അതാവുമ്പോള്‍ സൃഷ്ടിക്കാം, സംഹരിക്കാന്‍ കഴിയില്ല.
അവള്‍ അപരയുടെ ചെവിയില്‍ മൂന്നു വട്ടം പേരുചൊല്ലി വിളിച്ചു. സൂപ്പര്‍ഗേള്‍.... സൂപ്പര്‍ഗേള്‍...... സൂപ്പര്‍ഗേള്‍..... പെട്ടെന്നു കണ്ണുതുറന്ന സൂപ്പര്‍ഗേള്‍ ഉറക്കെ ചിരിച്ചു. ഈരേഴഉ പതിനാലു ലോകവും അവളുടെ വായില്‍ കറങ്ങുന്നുണ്ടായിരുന്നു.

0 comments:

Post a Comment